ദര്‍ശനം-ദൌത്യം

ദര്‍ശനം

“തേജസ്വീനാവധീതമസ്തു” – “അദ്ധ്യാപകനില്‍ നിന്ന് പഠിതാവ് ആര്‍ജ്ജിക്കുന്ന ജ്ഞാനം അവരിരുവരേയും പ്രോജ്വലിപ്പിക്കുന്നതോടൊപ്പം ഈ പ്രപഞ്ചത്തെ മുഴുവനും ജ്വാജ്വല്യമാനമാക്കട്ടേ” എന്ന തൈത്തിരീയോപനിഷത്തിലെ മഹദ് വചനം ആലേഖനം ചെയ്തിട്ടുള്ള കുലചിഹ്നത്തില്‍ തന്നെ ഈ സര്‍വകലാശാലയുടെ അടിസ്ഥാന തത്വങ്ങളും, ഉയര്‍ന്ന ലക്ഷ്യങ്ങളും ചാതുര്യപൂര്‍വ്വമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

ദൌത്യം

ഈ സര്‍വകലാശാല സ്ഥാപിച്ചിരിക്കുന്നത് താഴെ പ്രസ്താവിച്ചിരിക്കുന്ന ഉയര്‍ന്ന ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്;

(അ) പ്രയുക്ത ശാസ്ത്രം, സാങ്കേതിക വിദ്യ, വ്യവസായം, വാണിജ്യം, മാനേജ്‌മെന്‍റ്, സാമൂഹ്യ ശാസ്ത്രങ്ങള്‍ എന്നിവയില്‍ ഗവേഷണ – പഠനങ്ങള്‍ നടത്തുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക.

(ആ) മേല്‍പ്രസ്താവിച്ച മേഖലകളില്‍ ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ നടത്തുവാനുള്ള അദ്ധ്യാപന, പരിശീലന, ഗവേഷണ പഠന വിപുലീകരണ സൌകര്യങ്ങളും, അവസരങ്ങളും, മറ്റുപാധികളും ഈ സ്ഥാപനത്തിന്‍റെ നിയമാവലികള്‍ക്കനുസൃതമായി ഒരുക്കിക്കൊടുക്കുക.

(ഇ) കാലം ചെല്ലും തോറും മാറി വരുന്ന വിശാലവും, വിപുലവും, ഗഹനവും, ആഴമേറിയതുമായ സാമൂഹിക ആവശ്യങ്ങള്‍ക്കനുസൃതമായി മേല്‍പ്രസ്താവിച്ച മേഖലകളില്‍ പുതിയ-പുതിയ പാഠ്യപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുക.

((ഈ) പണ്ഡിത--ഗവേഷണ സമൂഹവും, വ്യവസായവും തമ്മിലുള്ള സഹകരണവും, ആശയവിനിമയവും ഊട്ടിയുറപ്പിക്കാനുള്ള ഒരു കേന്ദ്രമായി വര്‍ത്തിക്കുക

(ഉ) പഠന–ഗവേഷണങ്ങളില്‍ ഉചിതമായ മേഖലകളിലെ അതി നൂതന വികാസ പരിണാമങ്ങള്‍ക്കൊപ്പം മുന്നേറാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള മറ്റു പ്രശസ്ത സ്ഥാപനങ്ങളുമായി സഹവര്‍ത്തിത്വം സ്ഥാപിച്ച് വൈദ്ഗ്ധ്യ വിനിമയം സാധ്യമാക്കുക.